John 13

യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു

1പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു.

2അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു. 3പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു. 4യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി. 5പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി.

6ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു.

7യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.”

8“അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു.

“ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു.

9അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു.

10അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു. 11തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്.

12അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു. 13“നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ. 14നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്. 15ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു. 16സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. 17ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.

ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി യേശു പ്രവചിക്കുന്നു

18“ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ a എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്.

19“ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്. 20സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

21ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.”

22യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി. 23യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു. 24“ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു.

25അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു.

26അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു. 27യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു.

“നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു.
28യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല. 29യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു. 30അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു.

പുതിയകൽപ്പന—പരസ്പരസ്നേഹം

31യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. 32ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും.

33“എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.

34“നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. 35നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”

36“കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്?” എന്നു ശിമോൻ പത്രോസ് ചോദിച്ചു.

യേശു മറുപടി നൽകി: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കാൻ ഇപ്പോൾ നിനക്കു സാധ്യമല്ല. എന്നാൽ പിന്നീടു നീ എന്നെ അനുഗമിക്കും.”

37“കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾത്തന്നെ എനിക്ക് അങ്ങയെ അനുഗമിക്കാൻ സാധിക്കാത്തത്?” പത്രോസ് ചോദിച്ചു. “അങ്ങേക്കുവേണ്ടി മരിക്കാനും ഞാൻ ഒരുക്കമാണ്,” പത്രോസ് പറഞ്ഞു.

38അതിനു മറുപടിയായി യേശു, “നീ എനിക്കുവേണ്ടി മരിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയട്ടെ: കോഴി കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തിരസ്കരിക്കും.”

Copyright information for MalMCV